ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പന്തളം ഭരിച്ചിരുന്ന കോയിക്കല്‍ തമ്പുരാക്കന്മാര്‍ ഭരണസൌകര്യത്തിനായി രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നു. പന്തളവും സമീപപ്രദേശങ്ങളുമുള്‍പ്പെടുന്ന ഭാഗം വലിയകോയിക്കല്‍ എന്നും രാജ്യത്തിന്റെ കിഴക്കന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം കൊച്ചുകോയിക്കല്‍ എന്നും അറിയപ്പെട്ടിരുന്നു. ഇതില്‍ കൊച്ചുകോയിക്കല്‍ ഈ പഞ്ചായത്തിലെ പ്രധാനസ്ഥലമാണ്. പന്തളംരാജാവിന്റെ വളര്‍ത്തുപുത്രനായ ശ്രീഅയ്യപ്പന്‍ വിലയം പ്രാപിച്ച ശബരിമലയും കൊച്ചുകോയിക്കലിന്റെ പ്രാന്തപ്രദേശമാണല്ലോ. ശബരിമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊന്നമ്പലമേട് ഈ പഞ്ചായത്തിലാണ്. എ.ഡി.52-ല്‍ തോമശ്ളീഹാ(ക്രിസ്തുവിന്റെ ശിഷ്യന്‍) ഈ പഞ്ചായത്തിലുള്ള നിലയ്ക്കലില്‍ എത്തുകയും നിലയ്ക്കലില്‍ കുരിശു സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. നിലയ്ക്കല്‍ പ്രദേശത്തിന് കേരളത്തിലെ കൊടുങ്ങല്ലൂരും, മറ്റ് പ്രദേശങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു. ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ 1942-ല്‍ കുത്തകപാട്ടവ്യവസ്ഥയില്‍ ഈറ്റകാടായിരുന്ന വനഭൂമി കൃഷിക്ക് വിട്ടുകൊടുത്തു. കൃഷിക്കു വേണ്ടി റാന്നി, ഓമല്ലൂര്‍, പത്തനംതിട്ട, തിരുവല്ല, ഇലവുംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരെ പരസ്പരസഹായസംഘങ്ങള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കൊച്ചുകോയിക്കല്‍ തലച്ചിറനാരായണന്‍ വക്കീല്‍ നിര്‍മ്മിച്ച എസ്.എന്‍.ഡി.പി.സ്ക്കൂളാണ് ഇവിടുത്തെ ആദ്യഹൈസ്ക്കൂള്‍. കര്‍ഷകസമരങ്ങളിലൂടെ നേടിയെടുത്ത ഭൂമിയില്‍ ഇന്ന് റബര്‍കൃഷിയാണ് പ്രധാനമായുമുള്ളത്. 1968 നവംബര്‍ 20-ന് സീതത്തോട് പഞ്ചായത്ത് നിലവില്‍ വന്നു. റ്റി.കെ.രാഘവന്‍ ആയിരുന്നു ആദ്യപ്രസിഡന്റ്. പത്തനംതിട്ടയുടെ ഏറ്റവും കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സീതത്തോട് പഞ്ചായത്തിന്റെ കിഴക്കും വടക്കും റിസര്‍വ്വ് ഫോറസ്റ്റും തെക്കും പടിഞ്ഞാറും ചിറ്റാര്‍, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളും വനഭാഗത്തോട് ചേര്‍ന്ന് ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിബിഡവനങ്ങളാണ്. ജില്ലാ ആസ്ഥാനത്തുനിന്ന് 35 കിലോമീറ്റര്‍ മാറിയാണ് സീതത്തോടിന്റെ സ്ഥാനം. ഇവിടുത്തെ ഏകനദി കക്കാട്ടാറ് ഏകദേശം 22 കിലോമീറ്ററോളം ഒഴുകി പെരുനാട്ടില്‍ വച്ച് പമ്പാനദിയില്‍ സംഗമിക്കുന്നു. നാടിന്റെ ഹൃദയഭാഗത്തുകൂടിയാണ് നദിയൊഴുകുന്നത്. കേരളത്തിലെ പഞ്ചായത്തുകളില്‍ വിസ്തൃതിയില്‍ മുന്‍പന്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് സീതത്തോട്. 651.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സീതത്തോട് പഞ്ചായത്തില്‍ 602.7 ചതുരശ്രകിലോമീറ്ററും വനഭൂമിയാണ്. ഇതില്‍ 4924.18 ഏക്കര്‍ ഭൂമിയാണ് ജനവാസയോഗ്യമായിട്ടുള്ളത്. പഞ്ചായത്തുപ്രദേശം ആകമാനം കക്കാട് പുഴയെ അടിസ്ഥാനമാക്കിയുള്ള നീര്‍മറിപ്രദേശമാണ്. ഇവിടെ വന്‍മലകളും, കുന്നുകളും, കുത്തനെയുള്ള ചരിവുകളും, താഴ്വരകളും ധാരാളമായുള്ള ഭൂപ്രകൃതിയാണ്.